ബിറ്റ്കോയിൻ ട്രേഡ് ചെയ്യുന്നവർ നിർബന്ധമായും അറിയാൻ

ബിറ്റ് കോയിനെക്കുറിച്ച് മുൻപും  എഴുതിയിരുന്നെങ്കിലും  ഇപ്പോൾ  ബിറ്റ് കോയിൻ മൂല്ല്യം  ആകാശം  മുട്ടെ ഉയരുന്ന സാഹചര്യത്തിൽ  പലരും  ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ  ആഗ്രഹിക്കുന്നതിനാൽ  ബിറ്റ് കോയിനെക്കുറിച്ച് വിശദമായി കുറച്ച് പോസ്റ്റുകൾ ഇടാമെന്ന് കരുതുന്നു.  വലിയ ഒരു വിഷയം  ആയതിനാൽ  കഷണങ്ങളായി ഇടാം.  ഓഹരി വിപണി ആകാശം  മുട്ടെ ഉയർന്ന് നിൽക്കുന്ന സമയത്ത് ഓടിപ്പോയി ഡീമെറ്റ് അക്കൗണ്ട് എടുത്ത് ഏതെങ്കിലും  സ്റ്റോക്ക് വാങ്ങി അതിന്റെ നഷ്ടം  നികത്താൻ ഡേ ട്രേഡിംഗ് ചെയ്ത് വീടും  പറമ്പും  പണയം  വച്ച് കുത്തുപാളയെടുക്കുന്നവരുടെ എത്രയോ അനുഭവ കഥകൾ  വായിച്ചിട്ടില്ലേ. അതൊക്കെ നിലവിലെ സാഹചര്യത്തിൽ ബിറ്റ് കോയിനും  ബാധകമാണെന്നോർക്കുക.  ബിറ്റ് കോയിനിന്റെ സാങ്കേതിക വിദ്യയും  എന്തുകൊണ്ട് ഇങ്ങനെ ഒരു ആശയം  ഉണ്ടായി എന്നും  എന്തുകൊണ്ട് ഇത് ഇത്രയധികം  പ്രചാരം  നേടുന്നു എന്നുമൊക്കെയുള്ള വിവരങ്ങൾ  പങ്കുവയ്ക്കാനാണാഗ്രഹിക്കുന്നത്. ഇതിനെ നിലവിലെ സാഹചര്യത്തിൽ ഒരു നിക്ഷേപമായി കാണുന്നതും  അതിലെ ലാഭ നഷ്ടക്കണക്കുകളും  ഈ പോസ്റ്റിന്റെ വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ല. 

പണത്തിനെക്കുറിച്ച് ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ  ആദ്യം  കേൾക്കുന്ന ഒന്നായിരിക്കും 'ബാർട്ടർ സമ്പ്രദായം' അതായത് വസ്തുക്കൾ പരസ്പരം  കൈമാറ്റം  ചെയ്തുകൊണ്ട് നടക്കുന്ന ഇടപാടുകൾ. മാങ്ങയ്ക്ക് പകരം  ചക്ക, ചക്കയ്ക്ക് പകരം  നെല്ല്, നെല്ലിനു പകരം  ഗോതമ്പ്.. അങ്ങനെ അവനവനാവശ്യമുള്ള സാധനങ്ങൾ  സ്വന്തം  കൈവശമുള്ള സാധനങ്ങൾ കൈമാറ്റം  നൽകിക്കൊണ്ട് വാങ്ങുന്ന ഈ ബാർട്ടർ സമ്പ്രദായത്തിനു പല ദോഷങ്ങളും അപ്രായോഗികതകളും  ഉണ്ടായിരുന്നു. ഒരാൾക്ക് ആവശ്യം  അരിയാണ്‌. കയ്യിലുള്ളത് മാങ്ങയും. അരി കൈവശമുള്ളയാൾക്ക് മാങ്ങ നൽകി അരി വാങ്ങാൻ  ശ്രമിക്കുമ്പോൾ അയാൾക്ക് വേണ്ടത് മാങ്ങയല്ല ചക്കയാണ്‌. ഇത്തരം  സാഹചര്യങ്ങളിൽ ഇടപാടുകൾ നടക്കാതെയായി. അതോടെ എല്ലാവർക്കും  എപ്പോഴും  ആവശ്യമുള്ള പൊതു വസ്തുക്കൾ കൈമാറ്റം  ചെയ്യപ്പെട്ട്‌ തുടങ്ങി. ഉദാഹരണത്തിന് നെല്ല്. നെല്ല് എല്ലാവർക്കും  എപ്പോഴും  ആവശ്യമുള്ളതായതിനാൽ  നെല്ല് കച്ചവടക്കാരൻ  ഏത് ഉൽപ്പന്നം  വാങ്ങിയും  അതിനു പകരം  നെല്ല് നൽകാൻ തുടങ്ങി. ഈ കച്ചവടക്കാരന്റെ കൈവശം ഇത്തരത്തിൽ  പലവിധ ഉൽപ്പന്നങ്ങൾ നെല്ലിനു പകരമായി കൈമാറ്റം  ചെയ്ത് ലഭിച്ചപ്പോൾ  അയാൾ നെല്ല് പകരമായി വാങ്ങി തന്റെ കൈവശമുള്ള ഉൽപ്പന്നങ്ങൾ  വിൽപ്പന നടത്താൻ  തുടങ്ങി. ഇതിനും  പല ദോഷങ്ങളും ഉണ്ടായിരുന്നു.  നെല്ല് സൂക്ഷിച്ചു വയ്ക്കാനുള്ള ബുദ്ധിമുട്ട്. പലരും  കൊണ്ടൂ വരുന്ന പല ഇനം  നെല്ലുകൾ അങ്ങനെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ നെല്ലിനു പകരം ഈ ദോഷങ്ങളൊന്നുമില്ലാത്ത പൊതു സ്വീകാര്യതയുള്ള സ്വർണ്ണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങൾ  ഉപയോഗിക്കാൻ  തുടങ്ങി. ഇവിടെ സൂക്ഷിച്ചു വയ്ക്കാനുള്ള പ്രശ്നങ്ങൾ, നാശമായിപ്പോവുക, തുല്ല്യ മൂല്ല്യമുള്ള ഭാഗങ്ങളാക്കി മാറ്റാൻ  കഴിയുക തുടങ്ങിയ പല പ്രശ്നങ്ങളും  പരിഹരിക്കപ്പെട്ടെങ്കിലും  പുതിയ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. സാധനങ്ങൾ വാങ്ങാനായി കൊണ്ടു വരുന്ന സ്വർണ്ണം  ശുദ്ധമാണോ എന്ന് എങ്ങിനെ പരിശോധിക്കും.?  ആവശ്യമുള്ള അളവിൽ സ്വർണ്ണം  എങ്ങിനെ കഷണങ്ങളാക്കും?  ആ അവസരത്തിൽ വിദഗ്ദരായ സ്വർണ്ണപ്പണിക്കാരുടെ സഹായം  ആവശ്യമായി വന്നു.  സ്വർണ്ണപ്പണിക്കാർ ഇത്തരത്തിൽ ഇടപാടുകൾ നടത്തുമ്പോൾ  സ്വർണ്ണത്തിന്റെ ഗുണനിലവാരം  നിർണ്ണയിക്കാനും തുല്ല്യ മൂല്ല്യമുള്ള കഷണങ്ങളാക്കാൻ  സഹായിക്കുകയും  ചെയ്യുന്ന വിശ്വസനീയരായ മദ്ധ്യ വർത്തികളായി പ്രവർത്തിക്കാൻ  തുടങ്ങി. അതായത് ആദ്യകാല ബാങ്കർമ്മാർ ആയിരുന്നു സ്വർണ്ണപ്പണിക്കാർ എന്നു സാരം. അപ്പോഴും  പുതിയ പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞു. വില കൂടീയ ലോഹമായതിനാൽ സ്വർണ്ണം  വളരെ എളുപ്പത്തിൽ  മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടാക്കൾക്ക് കടന്നു ചെല്ലാനാകാത്ത സുരക്ഷിതമായ സ്വർണ്ണക്കലവറകൾ ഉണ്ടാക്കുക ചെറുകിട വ്യാപാരികൾക്ക് പ്രായോഗികമല്ലാതായപ്പോൾ അവിടെയും  സ്വർണ്ണപ്പണിക്കാർ ഒരു മാർഗ്ഗം  കണ്ടെത്തി. സ്വന്തമായി അതീവ സുരക്ഷിതമായ കലവറകൾ ഉണ്ടാക്കി ഇടപാടുകാരുടെ സ്വർണ്ണം  അവിടങ്ങളിൽ സൂക്ഷിക്കാൻ തുടങ്ങി. ഇതിനു പകരമായി ഓരോരുത്തരുടേയുമായി സൂക്ഷിക്കപ്പെട്ടീട്ടുള്ള സ്വർണ്ണത്തിന്റെ വിവരങ്ങൾ രേഖപ്പെടൂത്തി ഒപ്പിട്ട് നൽകിയ ചെമ്പോലകൾ ഇടപാടുകൾക്കായി ഉപയോഗപ്പെടുത്തിത്തുടങ്ങി. ഇന്നു കാണുന്ന തരം  കറൻസികളുടെ ഒരു പഴയ രൂപമായിരുന്നു അത്.  ഇത്തരത്തിൽ ഒരു കടലാസു കഷണത്തിനോ ചെമ്പു തകിടിനോ‌ തുല്ല്യമൂല്ല്യമുള്ള സ്വർണ്ണത്തിന്റെ വില വന്നതോടെ ഇടപാടുകൾ കൂടുതൽ എളുപ്പമായി.  രാജ ഭരണ കാലമായിരുന്നതിനാൽ  ക്രമേണ സ്വർണ്ണപ്പണിക്കാരുടെ ഇത്തരത്തിലുള്ള ഇടപാടുകളുടെ നിയന്ത്രണം രാജാക്കന്മാർ ഏറ്റെടുത്തു. ഖജനാവ് സുരക്ഷിത സ്വർണ്ണ ശേഖരങ്ങളായി മാറി. രാജാവ് കയ്യൊപ്പിട്ട് നൽകുന്ന തുല്ല്യ മൂല്ല്യമുള്ള കടലാസുകളും നാണയങ്ങളും  പണമായും  ഇടപാടുകൾക്കായി ഉപയോഗപ്പെടുത്തി തുടങ്ങി.  ഇന്ന് കാണുന്ന പേപ്പർ കറൻസികളുടെ ചരിത്രം  ചൈനയിൽ നിന്ന് തുടങ്ങുന്നു. ഏഴാം  നൂറ്റാണ്ടിൽ ചൈനയിലെ ടാംഗ് രാജ വംശം  ആണ്‌ പണമായി ഇടപാടുകൾ നടത്താൻ  ഉപകരിക്കുന്ന പേപ്പർ കറൻസികൾ ഉപയോഗപ്പെടുത്തിയത്. ആധുനിക ലോകത്തെ പേപ്പർ കറൻസികളെ ഫിയറ്റ് കറൻസികൾ  എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. അതായത് ഒരു കടലാസു കഷണത്തിന് അതാതു രാജ്യത്തെ സർക്കാരോ സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത ബാങ്കോ നിശ്ചിത മൂല്ല്യം  ഉറപ്പ് നൽകുന്നു. ഇവിടെ കടലാസു കഷണത്തിനു ലഭിക്കുന്ന മൂല്ല്യം ആദ്യ കാലങ്ങളിൽ തുല്ല്യ ശതമാനം സ്വർണ്ണ നിക്ഷേപത്തെ ആശ്രയിച്ചായിരുന്നു എങ്കിൽ ഇന്ന് അങ്ങിനെ അല്ല.  ഇടപാടുകൾക്ക് അന്താരാഷ്ട്ര മാനങ്ങൾ കൈവന്നതോടെ, ഒരു രാജ്യത്തിലെ ഫിയറ്റ് കറൻസിയുടെ മൂല്ല്യം  ആ രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക ഭദ്രതയേയും വിദേശ നാണയ ശേഖരത്തെയും അന്താരാഷ്ട്ര തലത്തിലുള്ള വിശ്വാസ്യതയേയുമെല്ലാം  ആശ്രയിച്ചിരിക്കുന്നു. ആധുനിക കറൻസികളാണെങ്കിലും  ഇടപാടുകൾക്ക് ഉപയോഗിക്കുന്ന പണം  എന്ന നിലയിൽ ഫിയറ്റ് കറൻസികൾക്ക് ധാരാളം  ദോഷങ്ങളുണ്ട്. 

1.  മൂല്ല്യം- സർക്കാരോ ഒരു കേന്ദ്രീകൃത ഏജൻസിയോ കല്പിച്ചു നൽകുന്ന മൂല്ല്യം  ആയതിനാൽ ഏത് അവസരത്തിലും  അത് പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട് വെറും  ഒരു കടലാസു കഷണം  ആയി മാറാനുള്ള സാഹചര്യം  സൃഷ്ടിക്കപ്പെടുന്നു. ഉദാഹരണത്തിന് ഇപ്പോഴും  പലരുടേയും  കൈവശമുള്ള പഴയ 500 രൂപയുടേയും  1000 ന്റെയും  കറൻസികൾ.  പല ആഫ്രിക്കൻ  രാജ്യങ്ങളിലും തെക്കേ അമേരിക്കൻ  രാജ്യങ്ങളിലും  ഭരണത്തകർച്ചയും  ആഭ്യന്തര കലാപവും  രൂഷമായതിനെത്തുടർന്ന് വലിയ ഉല്പാദന നഷ്ടം  നേരിട്ടു. അത് അവിടങ്ങളിലെ കറൻസിയുടെ വില ആനുപാതികമായി കുറഞ്ഞ് വെറും  കടലാസു കഷണങ്ങൾക്ക് തുല്ല്യമായിത്തീരാൻ ഇടയായി. 

2.  വ്യാജന്മാർ - എത്ര അത്യാധുനിക കറൻസി ആണെങ്കിലും  അവയ്ക്കൊക്കെ വ്യാജന്മാരെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ  കഴിയുന്നു എന്നത് ഫിയറ്റ് കറൻസികളൂടെ നിലനിൽപ്പിനെ തന്നെ ചോദ്യം  ചെയ്യുന്നതാണ്‌. വ്യാജ കറൻസികൾ തിരിച്ചറിയുന്നത് എളുപ്പമല്ലാതാകുമ്പോൾ ഇടപാടുകളീൽ  ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നു. 

3. നാശനം - തുടർച്ചയായ ഉപയോഗം കറൻസി നോട്ടുകളെ നശിപ്പിക്കുന്നു. ബാങ്കുകളിലൂടെയും  മറ്റും  മാറ്റിയെടുക്കാനാകുമെങ്കിലും പ്രായോഗിക തലത്തിൽ ഇതും  ഒരു ന്യൂനത തന്നെ. 

ഇത്തരത്തിൽ ഫിയറ്റ് കറൻസികൾക്കുള്ള ദോഷങ്ങളെ പരിഹരിച്ചുകൊണ്ട് ഒരു മാതൃകാ കറൻസി ആണ്‌ ബിറ്റ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ സൃഷ്ടാവ്(ക്കൾ) വിഭാവനം  ചെയ്തത്. ബിറ്റ് കോയിൻ  വക്താക്കളൂടെ അഭിപ്രായത്തിൽ  ഒരു കറൻസിയ്ക്ക് അവശ്യം  വേണ്ട ഗുണങ്ങൾ: 

1.      ഒരിക്കലും  നശിച്ച് പോകുന്നതായിരിക്കരുത് - സ്വർണ്ണം  പോലെ നാശന പ്രതിരോധ ശേഷിയുള്ളതും  സ്വയം  നശിച്ച് പോകാത്തതും  ആയിരിക്കണം. കടലാസു കറൻസികൾ ഇക്കാര്യത്തിൽ പരാജയമാണ്‌. 

2.    കേന്ദ്രീകൃത നിയന്ത്രണം  ഉണ്ടാകരുത്  -  ഒരു വ്യക്തിയുടേയോ‌ സ്ഥാപനത്തിന്റേയോ‌ സംഘടനയുടേയോ നിയന്ത്രണത്തിൽ ആയിരിക്കരുത് കറൻസികൾ, കാരണം  ഇത്തരം വ്യക്തികളുടേയോ കേന്ദ്രീകൃത സംവിധാനങ്ങളുടേയോ പിടിപ്പുകേടുകളും സ്വാർത്ഥ താല്പര്യങ്ങളും  കറൻസിയുടെ മൂല്ല്യം  നഷ്ടപ്പെടുത്താൻ ഇടയാക്കുന്നു. ഇക്കാര്യത്തിൽ സ്വർണ്ണം  നല്ലൊരു കറൻസി ആണ്‌. കാരണം സ്വർണ്ണത്തിന്റെ മൂല്ല്യം അന്താരാഷ്ട്ര തലത്തിലുള്ള പൊതു സ്വീകാര്യതയാണ്‌. ഫിയറ്റ് കറൻസികൾ  അങ്ങിനെ അല്ല. കേന്ദ്രീകൃത നിയന്ത്രണമായതിനാൽ അതിന്റെ മൂല്ല്യം  പൂർണ്ണമായോ ഭാഗികമായോ‌ നഷ്ടപ്പെടാനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നു. 

3.  വ്യാജ നാണയങ്ങൾ അസാദ്ധ്യമായിരിക്കണം -  ഇവിടെ സ്വർണ്ണവും ഫിയറ്റ് കറൻസികളും  ഒരു പണമെന്ന് നിലയിൽ പരാജയപ്പെടുന്നു.  എളുപ്പം  തിരിച്ചറിയാനാകാതെ വ്യാജ നാണയങ്ങൾ നിർമ്മിക്കാനാകും  സ്വർണ്ണത്തിൽ മായം  ചേർക്കാനുമാകും. അതിനാൽ  ഒരു മാതൃകാ കറൻസിക്ക് ആവശ്യമായ അടിസ്ഥാനപരമായ ഈ ഗുണം  സ്വർണ്ണത്തിനും  ഫിയറ്റ് കറൻസികൾക്കും ഇല്ലാതെ പോകുന്നു,.
 
4.  ഇടപാടുകൾക്ക് ഇടനിലക്കാരുടെ ആവശ്യം  ഉണ്ടാകരുത്.  ആധുനിക ലോകത്തെ കൊടുക്കൽ വാങ്ങലുകളുടെ പൊതു സമ്മതരായ ഇടനിലക്കാരാണല്ലോ‌ ബാങ്കുകൾ. കറൻസിയുടെ വിശ്വസനീയത ഉറപ്പാക്കാൻ വേണ്ടിയും  കറൻസികൾ സൂക്ഷിക്കുന്നതിനും  വേണ്ടിയാണല്ലോ‌ പ്രധാനമായും  ബാങ്കുകളുടെ സേവനം  ഉപയോഗപ്പെടുത്തുന്നത്. ഇവിടെ ഇടനിലക്കാരായ ബാങ്കുകൾ ഇടപാടുകൾ നടത്തുമ്പോൾ  ഈടാക്കുന്ന ഫീസ്  യഥാർത്ഥ കറൻസിയെ സംബന്ധിച്ചിടത്തോളം  ഒഴിവാക്കപ്പെടേണ്ടതാണ്‌.  പൊതു സമ്മതരെന്ന് വിശ്വസിക്കപ്പെടുന്ന ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതും  വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു.  ഗ്രീസിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബാങ്കിൽ പണം  നിക്ഷേപിച്ചവർക്ക്  അത് തിരിച്ചെടുക്കാൻ  കഴിയാതെ വന്ന സാഹചര്യം  സൃഷ്ടിക്കപ്പെട്ടതോടെ ബാങ്കുകളുടെ വിശ്വാസ്യത സംശയത്തിന്റെ നിഴലിലാവുകയും  ജനങ്ങൾ  മറ്റ് സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങളിലേക്ക് തിരിയുകയും  ചെയ്തു. 

5. തുല്ല്യമായി വിഭജിക്കപ്പെടാൻ  കഴിയണം:  പണത്തിനെ ഇടപാടുകൾ നടത്തുന്നതിന്റെ സൗകര്യത്തിനായി തുല്ല്യ മൂല്ല്യമുള്ള ഭാഗങ്ങളായി എളുപ്പത്തിൽ വിഭജിക്കാൻ  കഴിയുന്നതായിരിക്കണം. നൂറു രൂപയെ ഒറ്റ രൂപാ നാണയങ്ങളാക്കി മാറ്റുന്നതുപോലെ.  ഇവിടെ ഫിയറ്റ് കറൻസിയ്ക്കും  സ്വർണ്ണത്തിനുമെല്ലാം  പ്രായോഗിക വിഷമതകൾ ഉണ്ട്. ' ചില്ലറ ക്ഷാമം  രൂഷമാകുന്നു' എന്നെല്ലാം  പത്രങ്ങളിൽ വായിക്കാറില്ലേ‌? സ്വർണ്ണത്തിന്റെ കാര്യവും  അതുപോലെ. ഒരു സാധാരണ ഉപഭോക്താവിന് ഇടനിലക്കാരായ് സ്വർണ്ണ വിൽപ്പനക്കാരുടെ സഹായമില്ലാതെ തുല്ല്യ മൂല്ല്യമുള്ള ഭാഗങ്ങളായി സ്വർണ്ണത്തേയും  വിഭജിക്കാനാകില്ല.  

6.  വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ  കഴിയുന്നതായിരിക്കണം:   ഒരു മാതൃകാ കറൻസിയുടെ മൂല്ല്യം  ഇടനിലക്കാരുടെ സഹായമില്ലാതെ വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ  കഴിയുന്നതായിരിക്കണം. നമ്മൂടെ സാധാരണ കറൻസിയെ വ്യാജനിൽ നിന്നും  തിരിച്ചറിയുക എത്ര വിഷമകരമാണെന്ന് അറിയാമല്ലോ. സ്വർണ്ണം  കറൻസിയായി ഉപയോഗ്ഗിക്കുമ്പോഴും  ഇതു തന്നെ സ്ഥിതി. 

7.  അന്താരാഷ്ട്ര തലത്തിലുള്ള സ്വീകാര്യത-  ഇന്ത്യയിലെ രൂപ കൊണ്ടുപോയി ആസ്ത്രേലിയയിൽ വിൽപ്പന നടത്താൻ  കഴിയുമോ ? കറൻസി എക്സ്ചേഞ്ച് നടത്താതെ അസാദ്ധ്യമാണത്. എന്താണതിനു കാരണം ? മറ്റു രാജ്യങ്ങളിലുള്ളവർക്ക് കറൻസികളും  അവയുടെ മൂല്ല്യവും  തിരിച്ചറിയാൻ  കഴിയാതെ വരുമ്പോൾ ഇടനിലക്കാരുടെ സഹായമില്ലാതെ ഇടപാടുകൾ നടത്താൻ  അവ സ്വീകരിക്കാൻ കഴിയില്ല. 

8.  ദുർലഭമായിരിക്കണം - എളുപ്പത്തിൽ ആർക്കും  ഉണ്ടാക്കിയെടുക്കാൻ  കഴിയുന്ന ഒന്നാകരുത് ഒരു മാതൃകാ കറൻസി. സ്വർണ്ണവും വെള്ളിയും  പോലെയുള്ള ലോഹങ്ങൾ  പ്രകൃത്യാ തന്നെ ദുർലഭം  ആയതിനാൽ  അവയ്ക്ക് സ്വാഭാവികമായും  ഒരു മൂല്ല്യം  കൈവരുന്നു. ദൗർലഭ്യത ഉറപ്പ് വരുത്താനാകുമെങ്കിലും  മൂല്ല്യം  നിർണ്ണയിക്കുന്ന മറ്റു ഘടങ്ങളുടെ സ്വാധീനത്താൽ ഫിയറ്റ് പേപ്പർ കറൻസികൾക്ക് ഈ ഗുണം  നഷ്ടമാകുന്നു.  

9.  ഇടപാടുകളുടെ രഹസ്യ സ്വഭാവം -  പണമിടപാടുകൾ  രണ്ട് കക്ഷികൾക്കിടയിൽ മാത്രം നടക്കെണ്ട ഒന്നായതിനാൽ  അതിൽ ഒരു മൂന്നാം  കക്ഷിയുടെ സാന്നിദ്ധ്യമോ ഇടപെടലോ അതിന്റെ രഹസ്യ സ്വഭാവത്തെ നഷ്ടപ്പെടുത്തുന്നു.  മൂല്ല്യം  പണത്തിനു മാത്രമായിരിക്കണം  അവിടെ ഇടപാടുകൾ നടത്തുന്ന വ്യക്തിയെ തിരിച്ചറിയപ്പെടേണ്ട ആവശ്യം  ഒരിക്കലും  നിർബന്ധമാകരുത്. ബാങ്കുകൾക്കും  മറ്റും  ഇടപാടുകൾ നടത്താനുള്ള  പൊതു സമ്മതനായ ഇടനിലക്കാരായി പ്രവർത്തിക്കുന്നതിനായി വ്യക്തികളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. 

 സാധാരണ കറൻസികൾക്കും  കറൻസി ഇടപാടുകൾക്കുമുള്ള ദോഷങ്ങളുടെ ഒരു പരിഹാരമെന്നോണം  വിഭാവനം  ചെയ്യപ്പെട്ടതാണ്‌ ബിറ്റ് കോയിൻ എന്ന ക്രിപ്റ്റോ കറൻസി.  2008 ൽ സതോഷി നാക്കാമോട്ടോ എന്ന ഒരു കക്ഷിയാണ്‌ ആദ്യമായി ബിറ്റ് കോയിൻ എന്ന ആശയം  ഒരു പ്രബന്ധ രൂപത്തിൽ വിശദമായി അവതരിപ്പിച്ചത്.  സതോഷി നാക്കാമോട്ടോ എന്നത് ഒരു തൂലികാ നാമമാണ്‌. ഈ പേരിനു പിറകിൽ ആരാണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. 2009 ൽ തന്റെ ആശയത്തിനനുസരിച്ചുള്ള ഒരു ബിറ്റ് കോയിൻ പ്രോട്ടോക്കോളും  അനുബന്ധ സോഫ്റ്റ്‌‌വെയറുകളും  സംവിധാനങ്ങളുമായി ആദ്യ ബിറ്റ് കോയിൻ ശ്രുംഖല നിലവിൽ വന്നു.  

ബിറ്റ് കോയിൻ  എന്നതിനെ ഒരു കറൻസി ആയി സങ്കൽപ്പിക്കുക. നിങ്ങൾ സാധനങ്ങൾ  വാങ്ങാൻ  പോകുമ്പോൾ  കറൻസി നോട്ടുകൾ കൊണ്ടുപോകില്ലേ ? 100 രൂപാ നോട്ടിനു പകരം  100 രൂപ എന്നെഴുതിയ ഒരു കടലാസു കഷണം  കൊണ്ടുപോയി കടക്കാരനു കൊടുത്താൽ  ആയാൾ എന്തുകോണ്ട് അത് സ്വീകരിക്കില്ല ?  ഒറ്റ നോട്ടത്തിൽ തന്നെ അയാൾക്കത് വിലയില്ലാത്ത ഒരു കടലാസാണെന്ന് മനസ്സിലാകും. ഇനി നൂറു രൂപ നോട്ടിന്റെ ഒരു കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി കൊണ്ടു പോയാലോ? കടക്കാരനത് ഒന്ന് കയ്യിലെടുക്കുമ്പോൾ തന്നെ മനസ്സിലാകും  അത് വ്യാജനാണെന്ന് . ഇനി ശരിക്കും  കൂടുതൽ കുറ്റമറ്റ രീതിയിൽ പ്രിന്റ് ചെയ്തെടുത്ത ഒരു വ്യാജ നോട്ട് ആണെങ്കിലോ കടക്കാരൻ തിരിച്ചും  മറിച്ചുമൊക്കെ നോക്കി അയാൾക്ക് അറിയുന്ന രീതിയിൽ വ്യാജനാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കും. തിരിച്ചറിയാൻ  കഴിഞ്ഞില്ലെങ്കിൽ  അതെടുത്ത് പെട്ടിയിലിടും. ഇനി ബിറ്റ് കോയിനിലേക്ക് തിരിച്ചു വരാം. ബിറ്റ് കോയിനെയും  രൂപയേയും  ഡോളറിനേയുമൊക്കെ പോലെയുള്ള ഒരു കറൻസിയായി സങ്കൽപ്പിക്കണമെന്ന് നേരത്തേ  പറഞ്ഞത് ഓർക്കുമല്ലോ. നിങ്ങളുടെ കൈവശം  രൂപയ്ക്ക് പകരം ബിറ്റ് കോയിനാണുള്ളത്. ബിറ്റ് കോയിൻ  നമ്മൾ കറൻസി നോട്ടുകൾ  സൂക്ഷിച്ചു വയ്ക്കാനുപയോഗിക്കുന്നതുപോലെയുള്ള ഒരു പേഴ്സിൽ തന്നെയായിരിക്കും  സൂക്ഷിച്ചു വച്ചിരിക്കുക (അതിന്റെ പേരാണ്‌ ബിറ്റ് കോയിൻ വാലറ്റ്). നിങ്ങളുടെ പേഴ്സിൽ  100 ബിറ്റ് കോയിനുകൾ ഉണ്ട്.  നിങ്ങൾക്ക് വാങ്ങേണ്ടത് ഒരു കിലോ അരിയാണ്‌. ഒരു  കിലോ അരിയുടെ വില 10 ബിറ്റ് കോയിനുകൾക്ക് തുല്ല്യമായ വിലയാണെന്ന് സങ്കൽപ്പിക്കുക. കടക്കാരനോട് എവിടെയാണു ബിറ്റ് കോയിൻ നിക്ഷേപിക്കാനുള്ളതെന്ന് ചോദിക്കുക. അയാൾ ബിറ്റ് കോയിൻ നിക്ഷേപിക്കാനുള്ള അയാളുടെ സ്വന്തം  പേഴ്സ് കാണിച്ച് തരും. നിങ്ങൾ നിങ്ങളുടെ പേഴ്സ് തുറന്ന് അതിൽ നിന്നും  10 ബിറ്റ് കോയിനുകൾ എടുത്ത് കച്ചവടക്കാരന്റെ പേഴ്സിലേക്ക് നിക്ഷേപിക്കുന്നു. ഇനി നിങ്ങൾ നൽകിയത് യഥാർത്ഥ ബിറ്റ് കോയിൻ ആണെന്ന് എങ്ങിനെ ഉറപ്പിക്കും? അവിടെയാണ്‌ ബിറ്റ് കോയിൻ സംവിധാനം  പ്രസക്തമാകുന്നത്.  നിങ്ങളുടെ കൈവശമുള്ള പേഴ്സിൽ എത്ര ബിറ്റ് കോയിനുകൾ ഉണ്ടെന്നും അവ യഥാർത്ഥത്തിലുള്ളതാണോ എന്നുമെല്ലാം  ലോകത്ത് ആർക്കും  എളുപ്പത്തിൽ  പരിശോധിക്കാൻ  കഴിയുന്ന ഒരു സംവിധാനമൊരുക്കിയിട്ടുണ്ട്.  അതായത് എല്ലാ ബിറ്റ് കോയിൻ ഇടപാടുകളും  ക്രമമായി അക്കമിട്ട് സൂക്ഷിയ്ക്കപ്പെട്ടിരിക്കുന്ന ഒരു ഭീമൻ കണക്ക് പുസ്തകം. കറൻസി നോട്ടുകൾ തിരിച്ചും  മറിച്ചും  നോക്കി വ്യാജനാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുന്നതുപോലെയുള്ള ബുദ്ധിമുട്ടുകളൊന്നും  ഇവിടെ ഇല്ല. ഓരോ പേഴ്സിലും  എത്ര പണം  ബാക്കിയുണ്ടെന്നും  ഇടപാടുകൾ നടന്നോ എന്നും എളുപ്പത്തിൽ  ഈ കണക്ക് പുസ്തകം  നോക്കി മനസ്സിലാക്കാനാകും.  ഈ കണക്കു പുസ്തകത്തിന്റെ പേരാണ്‌ ബ്ലോക് ചെയിൻ. 

ഈ കണക്ക് പുസ്തകത്തിനൊരു പ്രത്യേകതയുണ്ട്. ഇത് കേന്ദ്രീകൃത സ്വഭാവമുള്ള ഒരു കണക്ക് പുസ്തകം  അല്ല. അതായത് ഒരു വ്യക്തിയോ സംഘടനയോ സ്ഥാപനമോ പരിപാലിക്കുന്ന കണക്ക് പുസ്തകം  അല്ല. ബിറ്റ് കോയിൻ ഇടപാടുകൾ നടത്തുന്നവർ തന്നെയാണ്‌ പൊതു സമ്മതമായ രീതിയിൽ ഈ പുസ്തകത്തിൽ ഇടപാടുകൾ രേഖപ്പെടുത്തുന്നത്. അതിനാൽ  ഒരു വ്യക്തിയ്ക്കോ ഒരു കൂട്ടം  വ്യക്തികൾക്കോ ഒന്നും  ഇതിൽ യാതൊരു വിധ കയ്യാങ്കളികളും  നടത്താൻ കഴിയില്ല.  

ബിറ്റ് കോയിൻ എങ്ങിനെ ഇരിക്കും  എന്ന് നോക്കാം. ബിറ്റ് കോയിൻ  എന്നത് ഒരു ക്രിപ്റ്റോ കറൻസി ആണെന്ന് പറഞ്ഞല്ലോ. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം  3GtmDuwLfZJsLgVjV7tKwH3N4paYXR56dT ഇത് ഒരു ബിറ്റ് കോയിൻ അഡ്രസ് ആണ്‌. ഈ ബിറ്റ് കോയിൻ അഡ്രസ്സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും  ബ്ലോക് ചെയിൻ എന്ന രജിസ്റ്ററിലൂടെ അറിയാൻ  കഴിയും. ബ്ലോക്ക് ചെയിൻ ഡാറ്റാബേസിൽ നിന്നും  വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്ന രീതിയിൽ തയ്യാർ ചെയ്ത ധാരാളം  സോഫ്റ്റ് വെയറുകളും  അപ്ലിക്കേഷനുകളും  വെബ് സൈറ്റുകളുമൊക്കെ ലഭ്യമാണ്‌. ഇതിൽ ബിറ്റ് കോയിൻ വാലറ്റ് അഡ്രസ് നൽകിയാൽ എല്ലാ വിവരങ്ങളും  ലഭിക്കും  ഉദാഹരണത്തിന് മേൽ സൂചിപ്പിച്ച അഡ്രസ്സിലെ വിവരങ്ങളും  അതിൽ എത്ര ബിറ്റ് കോയിനുകൾ ബാക്കിയുണ്ടെന്നുമെല്ലാമുള്ള വിവരങ്ങള്‌   blockchain.info/address/3GtmDuwLfZJsLgVjV7tKwH3N4paYXR56dT എന്ന ലിങ്കിൽ പോയി നോക്കിയാൽ കാണാം.   പുതിയ ഒരു പേഴ്സ് വാങ്ങുന്നതുപോലെ ആർക്കും  ബിറ്റ് കോയിൻ വാലറ്റുകൾ  ഉണ്ടാക്കാവുന്നതാണ്‌. ഇതിനായി ഓൺലൈൻ , ഓഫ് ലൈൻ , മൊബൈൽ ആപ്പ് സോഫ്റ്റ്‌‌വെയറുകൾ ഉപയോഗിക്കാവുന്നതാണ്‌. ഇത്തരത്തിൽ തുടക്കത്തിൽ  ഒരു വാല്ലറ്റ് ഉണ്ടാക്കുമ്പോൾ സ്വാഭാവികമായും  അത്  കാലി ആയിരിക്കുമല്ലോ. ഇത്തരത്തിലെ ഒരു പേഴ്സിൽ ഓരോ തവണയും  മറ്റ് പേഴ്സുകളിൽ നിന്നും  പണം  സ്വീകരിച്ച് ഇടപാടുകൾ നടത്തുമ്പോൾ അവ എല്ലാം  ബ്ലോക് ചെയിൻ എന്ന രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുന്നു.  എത്ര ഇടപാടുകൾ നടന്നെന്നും  ഇപ്പോൾ എത്ര പണം ബാക്കി ഉണ്ടെന്നുമെല്ലാമൂള്ള വിവരങ്ങൾ  ഇവിടെ ലഭ്യമാണ്‌. ക്ഷേത്രങ്ങൾക്ക് മുന്നിൽ വച്ചിരിക്കുന്ന ഭണ്ഡാരത്തിലേക്ക് ആർക്കും  പണം  നിക്ഷേപിക്കാമെന്നതുപോളെ  മേൽ സൂചിപ്പിച്ച പേഴ്സിന്റെ വിലാസത്തിലേക്ക് ആർക്കും  സ്വന്തം പേഴ്സിൽ നിന്നും  പണം  നിക്ഷേപിക്കാൻ കഴിയും. പക്ഷേ പണം  പേഴ്സിൽ നിന്നും  പുറത്തെടുക്കാൻ  പ്രസ്തുത പേഴ്സിന്റെ ഉടമയ്ക്ക് മാത്രമേ‌ കഴിയൂ. അതെന്തുകൊണ്ടാണ്‌ അങ്ങിനെ? പേഴ്സ് അങ്ങിനെ ആർക്കും  തുറക്കാൻ കഴിയുന്ന ഒന്നല്ല. അതിനൊരു പൂട്ട് ഉണ്ട്.  അതിന്റെ താക്കോൽ കൈവശമുള്ള ആൾക്ക് മാത്രമേ  പേഴ്സ് തുറന്ന് പണം  ചെലവാക്കാനാകൂ.  ഒരു ഡീജിറ്റൽ കറൻസി ആയതിനാൽ  ഈ താക്കോലിനെ എളുപ്പം  മനസ്സിലാക്കാൻ   പാസ്‌‌വേഡിനോട്  ഉപമിക്കാം.  

 ബിറ്റ് കോയിൻ വാലറ്റ് പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ ആർക്കും  ഉണ്ടാക്കിയെടുക്കാമെന്ന് പറഞ്ഞല്ലോ. ഇത്തരത്തിൽ ബിറ്റ് കോയിൻ വാലറ്റ് ഉണ്ടാക്കുമ്പോള്‌ അതിനു രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും . ഒന്ന് പ്രൈവറ്റ് കീ രണ്ട് പബ്ലിക് കീ.  ഇതിൽ പ്രൈവറ്റ് കീ ആണ്‌ നിങ്ങളുടെ താക്കോൽ - അത് രഹസ്യമായി സൂക്ഷിക്കുക.  പ്രൈവറ്റ് കീ എൻക്രിപ്റ്റ് ചെയ്ത് പാസ് വേഡ് ഉപയോഗിച്ച് മറ്റുള്ളവർക്ക് കിട്ടിയാലും  ഉപയോഗിക്കാൻ  കഴിയാത്ത രീതിയിൽ  സുരക്ഷിതമാക്കി വയ്ക്കുന്നതാണ്‌ കൂടുതൽ നല്ലത്. ഇനി പ്രൈവറ്റ് കീ എൻക്രിപ്റ്റ് ചെയ്യാതെയും സൂക്ഷികാവുന്നതാണ്‌. കമ്പ്യൂട്ടറുകൾ എന്തെങ്കിലും  കാരണവശാൽ നഷ്ടപ്പെട്ട് പോയാലോ നാശമായാലോ ബിറ്റ് കോയിൻ വാലറ്റുകൾ തുറക്കാൻ കഴിയാത്ത അവസ്ഥ വരുന്നതിനാൽ  പ്രൈവറ്റ് കീ പ്രിന്റ് ചെയ്ത് സുരക്ഷിതമായ ഇടങ്ങളിൽ സൂക്ഷിക്കുന്നതും  നല്ലതാണ്‌. ചുരുക്കം  പറഞ്ഞാൽ  പ്രൈവറ്റ് കീ രഹസ്യമായി സൂക്ഷിക്കുക പബ്ലിക് കീ ആർക്ക് വേണമെങ്കിൽ പണം  സ്വീകരിക്കാൻ  നൽകാവുന്നതാണ്‌.