കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്നത് ഇന്ത്യക്കാർ; പഠനം


മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരില്‍ ലോകത്തില്‍ ഇന്ത്യക്കാരാണ് മുന്നിലെന്ന് പഠനം. നോക്കിയ നടത്തിയ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ട്രാഫിക് ഇന്‍ഡക്‌സിന്റെ ഈ വര്‍ഷത്തെ പഠനത്തിലാണ് ഇത് പറയുന്നത്. ചെറുവീഡിയോകള്‍ കാണാന്‍ വിനിയോഗിക്കുന്ന സമയം 2025ഓടു കൂടി നാല് മടങ്ങ് വര്‍ധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

ഫിന്‍ലന്‍ഡ് ആണ് മൊബൈല്‍ഫോണില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കന്നവരില്‍ മുന്നില്‍. തൊട്ടുപിന്നില്‍ തന്നെ ഇന്ത്യയുണ്ട്. ഇന്ത്യക്കാരുടെ ഡാറ്റ ഉപയോഗം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 60 മടങ്ങിലേറെ വര്‍ധിച്ചു. ഇത് ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഡാറ്റ ഉപയോഗ വര്‍ധനയാണിതെന്നാണ് റിപ്പോര്‍ട്ട്.

ഡാറ്റ ഉപയോഗം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 63 മടങ്ങ് വര്‍ധിച്ചു. മറ്റൊരു രാജ്യവും ഇക്കാലയളവില്‍ ഇത്രയധികം നെറ്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടില്ല-നോക്കിയ മാര്‍ക്കറ്റിംഗ് ചീഫ് ഓഫിസര്‍ അമിത് മര്‍വാഹ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2015 ഡിസംബറില്‍ മൊബൈല്‍ ഫോണില്‍ 164 പെറ്റാബൈറ്റ്‌സ് ഡാറ്റ ഉപയോഗിച്ചെങ്കില്‍ 2020 ഡിസംബറില്‍ 10000 പെറ്റബൈറ്റ് ഡാറ്റ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരാള്‍ ഉപയോഗിക്കുന്ന ശരാശരി ഡാറ്റയില്‍ 76 ശതമാനം വര്‍ധിച്ചു. 13.7 ജിബിയാണ് ഫോര്‍ ജി നെറ്റ് വര്‍ക്കില്‍നിന്ന് ഒരാളുടെ ശരാശരി ഉപയോഗം. ഇന്ത്യയില്‍ ഒരാള്‍ ഉപയോഗിക്കുന്ന ശരാശരി ഡാറ്റയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങ് വര്‍ധനവാണ് ഉണ്ടായത്. ചെറുവീഡിയോകള്‍ കാണാനാണ് ഇതില്‍ 55 ശതമാനം ആളുകളും നെറ്റ് കൂടുതല്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ ആപ്ലിക്കേഷനുകളില്‍ 30 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ 265 ശതമാനമാണ് വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു.