ബിറ്റ്കോയിൻ നിരോദനത്തിലേക്ക്,ഔദ്യോഗിക ഡിജിറ്റൽ കറൻസി നിർമ്മിക്കാൻ ഇന്ത്യ

ബിറ്റ്‌കോയിൻ ഉൾപ്പെടെ സ്വകാര്യ ഡിജിറ്റൽ കറൻസികൾ നിരോധിക്കാനുള്ള നിയമനിർമാണത്തിന് ഇന്ത്യ. ഇതോടൊപ്പം റിസർവ് ബാങ്ക് പുറത്തിറക്കുന്ന വിധത്തിൽ ഔദ്യോഗിക ഡിജിറ്റൽ കറൻസി നിർമിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കേന്ദ്രം പുറത്തു വിട്ട നിയമനിർമ്മാണ അജണ്ടയിലാണ് ഇക്കാര്യം ഉള്ളത്.
റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസിയുടെ നിർമ്മാണത്തിന് രൂപരേഖ തയ്യാറാക്കാനും നിയമ നിർമ്മാണം കൊണ്ട് ഉദ്ദേശിക്കുന്നതായി ലോക്സഭാ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച അജണ്ടയിൽ പറയുന്നു.
ഈ പാർലമെന്റ് സെഷനിൽ തന്നെ അവതരിപ്പിക്കാനിരിക്കുന്ന നിയമം കൊണ്ട് "ഇന്ത്യയിൽ എല്ലാവിധ സ്വകാര്യ ഡിജിറ്റൽ കറൻസികൾ നിരോധിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെ പ്രോത്സാഹനത്തിനായി ചിലതിനെ നിരോധനത്തിൽ നിന്നും ഒഴിവാക്കു"മെന്നും അജണ്ടയിൽ പറയുന്നു.
2019 പകുതിയിൽ സർക്കാർ നിയോഗിച്ച സമിതി എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും നിരോധിക്കുവാനും അത് ഉപയോഗിക്കുന്നവർക്ക് പത്തു വർഷം വരെ തടവ് ശിക്ഷയും വൻപിഴയും ശുപാർശ ചെയ്തിരുന്നു. ബാങ്ക് നോട്ട് പോലെ ഉപയോഗിക്കാവുന്ന സർക്കാർ നിയന്ത്രിത ഔദ്യോഗിക ഡിജിറ്റൽ കറൻസി എന്ന ആശയം പരിഗണിക്കാനും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.