ഡല്‍ഹി ഹെല്‍ത്ത് മിഷന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത്‌ കേരള സൈബര്‍ വാരിയേഴ്സ്


ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് രോഗികളോടുമുള്ള സ്വകാര്യ ആശുപതികളുടെയും, സര്‍ക്കാരിന്‍റെയും മോശം സമീപനത്തില്‍ പ്രതിഷേധിച്ച്‌ കേരള സൈബര്‍ വാരിയേഴ്സ് ഡല്‍ഹി സംസ്ഥാന ഹെല്‍ത്ത് മിഷന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. പത്ത് മിനുറ്റ് കൊണ്ട് സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ കോവിഡ് രോഗികളുടെ പേര്, വിലാസം, ഫോണ്‍ നമ്ബര്‍, കോവിഡ് 19 പരിശോധനാ ഫലം, ക്വാറന്‍റൈന്‍ നിരീക്ഷണ ഡാറ്റ, വിമാനത്താവള ഡാറ്റ, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, ആശുപത്രി ഡാറ്റ എന്നിവ പുറത്തെത്തിച്ചു.

സുരക്ഷിതമല്ലാത്ത സെര്‍വറുകളിലുള്ള വളരെ പ്രാധാന്യമേറിയ വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ കൈക്കലാക്കാന്‍ സാധിച്ചത് ഡല്‍ഹി സര്‍ക്കാരിന്‍റെ വീഴ്ച്ചയാണെന്ന് കേരള സൈബര്‍ വാരിയേഴ്സ് കുറ്റപ്പെടുത്തി.

ഒരു ഹാക്കറിന് ഡാറ്റ എഡിറ്റു ചെയ്യുവാനും, കൈകാര്യം ചെയ്യുവാനും, ദുരുപയോഗം ചെയ്യുവാനും എളുപ്പത്തില്‍ കഴിയുമെന്നും മറ്റു രാജ്യക്കാര്‍ക്ക് ഇത്തരത്തില്‍ നമ്മുടെ വിവരങ്ങള്‍ കൈക്കലാക്കാന്‍ കഴിയുമെന്നും കേരള സൈബര്‍ വാരിയേഴ്സ് അറിയിച്ചു. ഹാക്ക് ചെയ്ത വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കേരള സൈബര്‍ വാരിയേഴ്സ് പറഞ്ഞു.

കേരള സൈബര്‍ വാരിയേഴ്സിന്‍റെ വിശദീകരണം:

ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകരോടും, COVID ബാധിച്ചവരോടും സ്വകാര്യ ആശുപതികളുടെയും, സര്‍ക്കാരിന്റെയും സമീപനത്തില്‍ ഞങ്ങള്‍ തീരെ സംതൃപ്‌തരല്ല. ഞങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിന്, "ദില്ലി സ്റ്റേറ്റ് ഹെല്‍ത്ത് മിഷന്‍" (dshm.delhi.gov.in) ഡീഫേസ് ചെയ്യാനുള്ള ഒരു ശ്രമത്തിലായിരിന്നു ഞങ്ങള്‍.

അവരുടെ സെര്‍വറിലേക്ക് പ്രവേശനം നേടാന്‍ ഞങ്ങള്‍ക്ക് വെറും 10 മിനിറ്റ് സമയമേയെടുത്തുള്ളൂ. സുരക്ഷിതമല്ലാത്ത ഈ സെര്‍വറുകളിലുള്ള സെന്‍സിറ്റീവ്-ഡാറ്റയ്ക്ക് സാക്ഷ്യം വഹിച്ചതില്‍ ഞങ്ങള്‍ അമ്ബരന്നു.

ആക്സസ് ചെയ്ത ഡാറ്റയില്‍ COVID-19 രോഗികളുടെ പേര്, വിലാസം, ഫോണ്‍ നമ്ബര്‍, COVID-19 പരിശോധന ഫലം, ക്വാറന്റയിന്‍ നിരീക്ഷണ ഡാറ്റ, വിമാനത്താവള ഡാറ്റ, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, ആശുപത്രി ഡാറ്റ മുതലായവ അടങ്ങിയിരിക്കുന്നു.ഹാക്കേഴ്സ് ഇട്ടിരുന്ന പല Backdoors ഞങ്ങള്‍ ആ സര്‍വറില്‍ കണ്ടെത്തി.ചിലതൊക്കെ റിമൂവ് ചെയ്തു.

ഇപ്പൊ വളരെ അലക്ഷ്യമായിട്ടാണ് ഡാറ്റ ഹാന്‍ഡില്‍ ചെയ്യുന്നത്. ഇന്ത്യന്‍ തലസ്ഥാനമായ ദില്ലിയിലെ COVID-19 സ്ഥിതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന സെര്‍വറാണിത്. ഒരു ഹാക്കറിന് ഈ ഡാറ്റ എഡിറ്റു ചെയ്യുവാനും, കൈകാര്യം ചെയ്യുവാനും, ദുരുപയോഗം ചെയ്യുവാനും കഴിയും. ഈ സെന്‍സിറ്റീവ് ഡാറ്റ മറ്റൊരു രാജ്യക്കാര്‍ക്കാണ് കിട്ടുന്നതെങ്കില്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ നോക്കിയാല്‍ മതി പിന്നെ.

ചൈനയെ അക്രമിക്കൂ എന്ന് മുറവിളി കൂട്ടുന്ന നിഷ്കളങ്കരായ സുഹൃത്തുക്കള്‍ ഇതുകൂടി മനസിലാക്കുക, ഇന്ത്യന്‍ ഗവണ്മെന്റ് ഡേറ്റ പോലും സുരക്ഷിതമല്ല. നിങ്ങളുടെ പ്രധാന ഡേറ്റകള്‍ ഗവണ്മെന്റ് കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണ്. ഓരോ ഡേറ്റക്കും ഒരു വിലയുണ്ട്‌. ഡേറ്റ ലീക്ക് ആക്കി വിറ്റാല്‍ അവര്‍ക്ക് പ്രോഫിറ്റ് ഉണ്ടാക്കാനും പറ്റും. കൂടുതല്‍ ഒന്നും പറയാനില്ല. ചുവടെയുള്ള സ്ക്രീന്‍ഷോര്‍ട്ടുകള്‍ കണ്ടു മനസിലാക്കുക. ഇനിയെങ്കിലും ഇന്ത്യന്‍ സൈബര്‍ സ്പേസ് സംരക്ഷിക്കുന്നതിന് തക്കതായ നടപടികള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഈ വിവരം ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഹാക്കേഴ്സിന്റെ Back Doors സെര്‍വറില്‍ കണ്ടത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റ്‌ ചെയ്യേണ്ട ഗതികേട് വന്നത്.

Post a Comment

0 Comments