ചൈനീസ് ആപ്പുകള്‍ നിയന്ത്രിക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍

ചൈനീസ് ആപ്പുകള്‍ നിയന്ത്രിക്കാന്‍  ഉത്തരവ് നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ചില ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ ഉത്തരവിറക്കിയെന്ന രീതിയില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഗൂഗിളിനും ആപ്പിളിനും അങ്ങനെ ഒരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഇത് വ്യാജമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ വ്യാജ ഉത്തരവില്‍ ടിക് ടോക്ക്, വിഗോ വീഡിയോ, ലൈവ് മി, ബിഗോ ലൈവ്, വിമേറ്റ്, ബ്യൂട്ടി പ്ലസ്, കാം സ്‌കാനര്‍, ക്ലബ് ഫാക്ടറി, ഷെയ്ന്‍, റോംവി, ആപ്പ്‌ലോക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ പേരുമുണ്ട്. ചൈനീസ് ആപ്പുകള്‍ക്ക് അതാത് കമ്ബനികളുടെ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്ബനി പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന രീതിയിലുള്ള ഉത്തരവിന്റെ കോപ്പിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഈ ഉത്തരവ് നിഷേധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ചൈനീസ് വിരുദ്ധ പ്രചാരണങ്ങള്‍ രാജ്യത്ത് ശക്തമാണ്. ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ശക്തമായത്. ദിവസങ്ങള്‍ക്ക് മുമ്ബ് വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം 52 ഓളം ചൈനീസ് ആപ്ലിക്കേഷനുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും അവയുടെ ഉപയോഗം സംബന്ധിച്ച്‌ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

1 Comments